Sunday, November 23, 2014

തമിഴ്‌നാട്ടിലെ കേരളസ്മാരകം -എം.സി. വസിഷ്ഠ്‌

തഞ്ചാവൂരിലുള്ള പ്രസിദ്ധമായ ശ്രീ ബൃഹദേശ്വരക്ഷേത്രത്തില്‍ 'കേരളാന്തക'ന്റെ സ്മരണ ഉണര്‍ത്തുന്ന ഒരു പുരാതന ഗോപുരം


             ചേരരാജ്യത്തിന് എതിരെ നേടിയ വിജയത്തിന് രാജരാജന് വലിയ പ്രാധാന്യം കല്പ്പിച്ചു കേരളാന്തക തിരുവയില്‍ പൈതൃകം  യുനെസ്‌കോ അംഗീകരിച്ച പൈതൃകസ്മാരകങ്ങളിലൊന്നാണ് തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രം. അവിടെ കേരളചരിത്രവുമായി ബന്ധപ്പെട്ട ഒരു ഗോപുരമുണ്ട് എന്നത് ശ്രദ്ധേയമാണ്. ഈ വിശ്വപ്രസിദ്ധ ക്ഷേത്ര ത്തിലേക്കുള്ള വഴിയിലെ ഒന്നാമത്തെ ഗോപുരത്തിന്റെ പേര് 'കേരളാന്തക തിരുവയില്'എന്നാകുന്നു. കേരളാന്തകന് അഥവാ കേരളത്തെ കീഴടക്കിയവന്റെ തിരുവയില് അഥവാ തിരുവഴി എന്നാണ് ഈ കൂട്ടുപദത്തിന്റെ അര്ഥം.ബൃഹദേശ്വര ക്ഷേത്രത്തിന്റെ നിര്മാണത്തിന് നേതൃത്വംവഹിച്ച ചോളരാജാവായ രാജരാജ ചോളന്റെ (985 എ.ഡി1014 എ.ഡി.) ബിരുദങ്ങളിലൊന്നായിരുന്നു 'കേരളാന്തകന്'.എ.ഡി. 850ല് വിജയാലയ ചോളന് സ്ഥാപിച്ച ചോളരാജവംശത്തിലെ ഏറ്റവും കേമന്മാരായ രാജാക്കന്മാരായിരുന്നു രാജരാജനും അദ്ദേഹത്തിന്റെ പുത്രന് രാജേന്ദ്ര ചോളനും. രാജരാജന്റെ പ്രധാന വിജയങ്ങളിലൊന്ന്
മഹോദയപുരത്തെ ചേരപെരുമാക്കന്മാര്ക്ക് (800 എ.ഡി1124 എ.ഡി.) എതിരെയായിരുന്നു.ആദ്യകാലങ്ങളില് ചേരന്മാരും ചോളന്മാരും തമ്മിലുണ്ടായിരുന്ന സൗഹാര്ദം രാജരാജ ചോളന്റെ കാലത്താണ് വഷളായത്.അദ്ദേഹത്തിന്റെ സാമ്രാജ്യത്വ മോഹങ്ങളായിരുന്നു ചേരന്മാരോടുള്ള ശത്രുതയ്ക്കും കേരള ആക്രമണത്തിനും വഴിതെളിയിച്ച പ്രധാനകാരണം.രാജരാജചോളന്റെ ആദ്യകാലത്തുള്ള ശാസനങ്ങളില് കാന്തളൂര്ശാലയ്ക്ക് എതിരെ വിജയംനേടി എന്നുള്ള സൂചനകളുണ്ട് (രാജരാജന് തന്റെ ശാസനങ്ങളില് 'കാന്തളൂര്ശാല കലമറുത്തരുളിയ' എന്നൊരു ബിരുദം ഉപയോഗിച്ചുകാണുന്നുണ്ട്. കാന്തളൂര് ശാലയുടെ യഥാര്ഥ സ്ഥാനത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. തിരുവനന്തപുരത്തിനടുത്തുള്ള വിഴിഞ്ഞത്തിനടുത്തായിരുന്നു കാന്തളൂര്ശാല
എന്നതാണ് പൊതുവേയുള്ള നിഗമനം). എ.ഡി. പത്താംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില് കാന്തളൂര് ശാല ചേരന്മാരുടെ നിയന്ത്രണത്തില് വന്നുചേര്ന്നിരുന്നു എന്നാണ് കരുതപ്പെടുന്നത്. കാന്തളൂര് ശാലയ്ക്ക് നേരേയുള്ള രാജരാജന്റെ വിജയമാണ് ചേരന്മാര്‌ക്കെതിരെയുള്ള വിജയമായി പരിഗണിക്കപ്പെടുന്നത്.
രാജരാജചോളന്റെ സെനൂര് ലിഖിതത്തില് (എ.ഡി. 1005) അദ്ദേഹം കൊല്ലത്തെയും കൊല്ലദേശത്തെയും കൊടുങ്ങല്ലൂരിലെയും രാജാക്കന്മാര്‌ക്കെതിരെ നേടിയ വിജയത്തെക്കുറിച്ചുള്ള ഒരു പരാമര്ശം ഉണ്ട്. തഞ്ചാവൂര് ലിഖിതത്തില് രാജരാജന് ചേരരാജാവിനെയും മലനാട്ടിലെ പാണ്ഡ്യരാജാക്കന്മാരെയും പരാജയപ്പെടുത്തുകയും അവരുടെ
ഖജനാവ് കൊള്ളയടിക്കുകയും ചെയ്തതായി പറയുന്നു. തെക്കന് കേരളത്തിലെ കൊല്ലവും മധ്യകേരളത്തിലെ കൊടുങ്ങല്ലൂരും വടക്കന് കേരളത്തിലെ കോലത്തുനാടും അഥവാ കേരള ദേശവും ചോളന്മാര് കീഴടക്കിയത് നാവികശക്തിയുടെ പിന്ബലത്തിലായിരുന്നുവെന്ന് ഡോ. എം.ജി.എസ്. നാരായണന് അഭിപ്രായപ്പെടുന്നു. (ഡോ. എം.ജി.എസ്. നാരായണന്, പെരുമാള്‌സ് ഓഫ് കേരളപേജ് 118) രാജരാജ ചോളന് കേരളത്തില് ഭാഗികമായ സൈനിക വിജയങ്ങള് മാത്രമേ നേടാന് സാധിച്ചുള്ളൂ. ചോളരാജാക്കന്മാരുടെ കേരളത്തിലെ സൈനിക വിജയങ്ങള് പൂര്ത്തീകരിച്ചത് രാജരാജന്റെ പുത്രന് രാജേന്ദ്ര ചോളനായിരുന്നു.
എ.ഡി. 1018ലെ രാജേന്ദ്രന്റെ കേരള ആക്രമണത്തെത്തുടര്ന്ന് കേരളം/ചേരരാജ്യം ചോളന്മാരുടെ ഒരു സാമന്തരാജ്യമായി മാറി. എ.ഡി. 1005ലെ കേരള ആക്രമണവിജയത്തിന് ശേഷമായിരിക്കണം രാജരാജന് തഞ്ചാവൂരില് കേരളാന്തക തിരുവയില് എന്ന ഈ ഗോപുരം നിര്മിച്ചത്. മൂന്ന് തട്ടുകളുള്ള ഈ ഗോപുരത്തിന്റെ കീഴ്ഭാഗം നിര്മിക്കപ്പെട്ടിരിക്കുന്നത് കല്ലുകൊണ്ടാണ്. ഗോപുരത്തിന്റെ വടക്കുഭാഗത്ത് മഹാസദാശിവമൂര്ത്തിയുടെ മനോഹരമായ രൂപമുണ്ട്. കൂടാതെ ശിവന്, ഉമാമഹേശ്വരി, ബ്രഹ്മാവ്, വിഷ്ണു, ഗണപതി, ഉഗ്രതാണ്ഡവ ശിവന്, ദക്ഷിണാമൂര്ത്തി, കാളി എന്നീ രൂപങ്ങളും കേരളാന്തക തിരുവയലിനെ അലങ്കരിക്കുന്നു.
ദക്ഷിണേന്ത്യയില് എ.ഡി. 600നുശേഷം ഉയര്ന്നുവന്ന രാഷ്ട്രീയ ശക്തി കളില് ഏറ്റവും ദുര്ബലരായ ചേരരാജ്യത്തിനുനേരേ നേടിയ സൈനിക വിജയത്തിന് രാജരാജന് വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നു എന്നാണ് ഈ ഗോപുരം നല്കുന്ന സൂചന.ചേരചോള സംഘര്ഷത്തെക്കുറിച്ചുള്ള ചരിത്ര നിര്മിതിക്ക് പ്രധാന സ്രോതസ്സുകൂടിയാണ് തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തിലെ കേരളാന്തക തിരുവയില്.

No comments:

Post a Comment