എന്തിനും ഏതിനും ഇന്റര്‍നെറ്റില്‍ പരതിയാല്‍ മതിയെന്നാണല്ലോ ഇന്നു പൊതുവിലുള്ള ധാരണ. പക്ഷേ, എല്ലാം അവിടെക്കിട്ടുമോ? ഉദാഹരണത്തിന്,
കമ്പ്യൂട്ടര്‍ ടൈപ്പിങ് വന്നതോടെ മറഞ്ഞുപോയ, ആത്മസ്പര്‍ശമുള്ള
കൈയെഴുത്തിന്റെ കാലത്തെപ്പറ്റി എഴുതുകയോ സംസാരിക്കുകയോ
വേണമെന്നിരിക്കട്ടെ. കല്പറ്റ നാരായണന്‍ അതേപ്പറ്റിയൊരു
ലേഖനമെഴുതിയിരുന്നുവെന്നോര്‍മയുണ്ട്. പക്ഷേ, ഏതു പ്രസിദ്ധീകരണത്തില്‍, ഏതു
ലക്കത്തിലെന്നൊന്നുമോ ര്‍മയില്ല. മറ്റുചിലപ്പോള്‍ രചനയുടെ
പേരോര്‍മയുണ്ടാകും, അല്ലെങ്കില്‍ പ്രസിദ്ധീകരണം; മറ്റു
കാര്യങ്ങളോര്‍മയുണ്ടാവില്ല. അത് നെറ്റി ലുമുണ്ടാവില്ല. കാരണം, നമ്മുടെ
ആനുകാലികങ്ങളും പത്രങ്ങളും തൊട്ടുമുമ്പത്തെ ഏതാനും ലക്കമല്ലാതെ
ആര്‍ക്കൈവായി നെറ്റില്‍ സൂക്ഷിക്കാറില്ല.
ഈസാഹചര്യത്തില്‍ അതു
കണ്ടെത്താനെന്താണു വഴി? ഈ പ്രസിദ്ധീകരണങ്ങളെല്ലാം സൂക്ഷിക്കുകയും
ഉള്ളടക്കത്തിന്റെ സമഗ്രമായ സൂചിക തയ്യാറാക്കിസൂക്ഷിക്കുകയുമാണ് മാര്‍ഗം. ഈ
ദൗത്യം കേരളസര്‍വകലാശാലാ ലൈബ്രറി 1984മുതല്‍ നിഷ്ഠയോടെ ചെയ്തുവരികയാണ്.
മൂന്നുമാസമോ ആറുമാസമോ കൂടുമ്പോള്‍ അവ വിഷയംതിരിച്ച് സമാഹരിച്ച് 'കേരള
ഇന്‍ഡക്‌സ്' എന്നപേരില്‍ പുസ്തകമാക്കി പത്തോ അമ്പതോ
ഗവേഷണസ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഡോക്യുമെന്റേഷന്‍
ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് എന്നൊരു വിഭാഗം ഇതിനായി അവിടെ
പ്രവര്‍ത്തിച്ചുവരുന്നു.
കേരള ഇന്‍ഡക്‌സ് പരിശോധിച്ചാല്‍
ൈകയെഴുത്തിനെപ്പറ്റിയുള്ള കല്പറ്റ നാരായണന്റെ ലേഖനത്തിന്റെ പേര് 'അതൊന്ന്
എഴുതിത്തരാമോ?' എന്നാണെന്നും അതുവന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2012
ജനവരി 29ലെ (വാള്യം 89, ലക്കം 47) പതിപ്പിലാണെന്നും കണ്ടെത്താം.
ഗ്രന്ഥശാലയില്‍നിന്ന് ആ ലക്കം എടുക്കുകയേ വേണ്ടൂ.
ഇക്കഴിഞ്ഞ
മൂന്നുപതിറ്റാണ്ടിലെ ഈ ഇന്‍ഡക്‌സ് പുസ്തകങ്ങള്‍തന്നെ നൂറില്‍പ്പരമുണ്ട്.
നമുക്കുവേണ്ട രചന വന്ന കാലഘട്ടത്തെപ്പറ്റി ഏകദേശധാരണയുണ്ടെങ്കില്‍ത്തന്നെ
മൂന്നുനാലു പുസ്തകമെങ്കിലും പരതേണ്ടിവരും. ഈ പുസ്തകം കിട്ടുന്ന 50
സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും പോയാലേ ഇതുതന്നെയും സാധ്യമാകൂ.
അങ്ങനെയാണ്
ഡിജിറ്റല്‍ യുഗത്തിന്റെ വിളികേട്ട് ഈ സംവിധാനം ഡിജിെറ്റെസ്‌ചെയ്ത്
ഓണ്‍ലൈനാക്കാന്‍ സര്‍വകലാശാല തീരുമാനിച്ചത്. മലയാളം കമ്പ്യൂട്ടിങ് രംഗത്തും
ലൈബ്രറി ഡിജിെറ്റെസേഷന്‍ രംഗത്തും കാര്യമായ സംഭാവന നല്‍കിയിട്ടുള്ള
കെ.എച്ച്. ഹുസൈനെ അതിന്റെ മേല്‍നോട്ടമേല്പിക്കുകയും ചെയ്തു. 2013
ജനവരിയിലാരംഭിച്ച ആ യത്‌നം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു. 1984മുതലുള്ള
കേരള ഇന്‍ഡക്‌സ് ഇന്നുമുതല്‍ (ഏപ്രില്‍ 29) ഓണ്‍ലൈനില്‍ എല്ലാവര്‍ക്കും
ലഭ്യമാവുകയാണ്. ധനമന്ത്രിയായിരിക്കെ ഈ പദ്ധതിക്കടക്കം മൂന്നുകോടി രൂപ കേരള
സര്‍വകലാശാലാ ലൈബ്രറിക്കനുവദിച്ച, അക്കാദമീഷ്യന്‍കൂടിയായ ഡോ. തോമസ്
ഐസക്കിനെയാണ് ഇത് നാടിനു സമര്‍പ്പിക്കാന്‍ ലൈബ്രറി അധികൃതര്‍
തിരഞ്ഞെടുത്തിരിക്കുന്നത്.
കേവലം അഞ്ചുലക്ഷം രൂപകൊണ്ടാണ്
ഉപകരണങ്ങളടക്കം വാങ്ങി ഈ സംവിധാനം പൂര്‍ത്തിയാക്കിയത്. സോഫ്‌റ്റ്വെയര്‍
തയ്യാറാക്കി പദ്ധതി നടപ്പാക്കുന്ന ദൗത്യം കെല്‍ട്രോണ്‍ ഏല്പിച്ചുകൊടുത്ത
ബീഹൈവ് ഡിജിറ്റല്‍ കണ്‍സെപ്റ്റ്‌സ് ഭാഷാസാങ്കേതികവിദ്യയോടുള്ള
പ്രതിജ്ഞാബദ്ധതയുടെപേരില്‍ തുച്ഛമായ തുകയ്ക്ക് അത്
നിര്‍വഹിക്കുകയായിരുന്നു; മലയാളത്തില്‍ തിരയല്‍
നടത്താനുള്ളതടക്കമുപയോഗപ്പെടുത്തിയ ഭാഷാസാങ്കേതികവിദ്യകള്‍
സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ് എന്ന സന്നദ്ധസംഘടനയുടേതും.
ഒരുപക്ഷേ,
പത്രപ്രവര്‍ത്തകലോകമായിരിക്കും ഈ ഇന്‍ഡക്‌സിന്റെ ഏറ്റവും പ്രധാന
ഗുണഭോക്താക്കള്‍. ഒരു പ്രമുഖവ്യക്തിക്ക് പുരസ്‌കാരം ലഭിക്കുകയോ
സ്ഥാനലബ്ധിയുണ്ടാകുകയോ അയാള്‍ മരിക്കുകയോ ചെയ്താല്‍ ആ ആളുടെ
ജീവചരിത്രക്കുറിപ്പ് അടിയന്തരമായി തയ്യാറാക്കാന്‍, അല്ലെങ്കില്‍ ഒരു
പ്രധാനസംഭവം നടക്കുമ്പോള്‍ അതിന്റെ പശ്ചാത്തലവിവരങ്ങള്‍ പെട്ടെന്നു
കണ്ടെത്താന്‍, ചില സംഭവങ്ങളുടെ പില്‍ക്കാലതുടര്‍ച്ച എഴുതാന്‍ ഒക്കെ ഇത്തരം
റഫറന്‍സുകള്‍ വലിയ അനുഗ്രഹമാകും. ഗവേഷകര്‍ക്കും ലേഖനമെഴുത്തുകാര്‍ക്കും
പ്രസംഗകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എന്നുവേണ്ട
നാനാതുറകളിലുള്ളവര്‍ക്കെല്ലാം പലനിലയിലിതു പ്രയോജനപ്പെടും. ഒരുവിഷയത്തില്‍
ലേഖനമെഴുതുമ്പോള്‍ മുമ്പാരെങ്കിലുമെഴുതിയ ആശയങ്ങളുടെ
ആവര്‍ത്തനമായിപ്പോകാതെനോക്കാനും ഉപകരിക്കും.
മലയാളത്തിലെ അച്ചടി
ഇപ്പോള്‍പ്പോലും യൂണികോഡിലേക്കു മാറിയിട്ടില്ലാത്തതിനാല്‍
പത്രങ്ങളിലെയും ആനുകാലികങ്ങളിലെയും ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍
പരതിയെടുക്കാന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇതിനു പ്രത്യേക
പ്രാധാന്യമുണ്ട്.
മലയാളത്തിലെ അക്കാദമികപ്രാധാന്യമുള്ള 25
ആനുകാലികങ്ങളിലെയും അഞ്ചു പ്രധാന പത്രങ്ങളിലെയും ഇംഗ്ലീഷിലെ ആറ്
ആനുകാലികങ്ങളിലെയും മൂന്നു പത്രങ്ങളിലെയും പ്രധാന ഉള്ളടക്കങ്ങളാണ് കേരള
ഇന്‍ഡക്‌സില്‍ പട്ടികപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും
മുപ്പതുവീതം വിഭാഗങ്ങളായി ഇവയെ തിരിച്ചിരിക്കുന്നു. സാഹിത്യത്തിന് കഥ,
കവിത, നോവല്‍, നാടകം, വിവര്‍ത്തനം, വിമര്‍ശം, സഞ്ചാരം, ബ്ലോഗ് സാഹിത്യം,
മറ്റുള്ളവ എന്നിങ്ങനെ ഉപവിഭാഗങ്ങളുമുണ്ട്.
ഓരോ രചനയ്ക്കും
നമ്പര്‍, എഴുതിയ ആളിന്റെ പേര്, രചനയുടെ പേര്, വിഷയം/സാഹിത്യവിഭാഗം,
പ്രസിദ്ധീകരണം, ലക്കം, തീയതി, പുറം, ലഘുവിവരണം എന്നിവ ഇന്‍ഡക്‌സിലുണ്ട്.
കേരള ഇന്‍ഡക്‌സിന്റെ വെബ്‌പേജിലെത്തിയാല്‍ ഇവയില്‍ ഏതു വിവരത്തിന്റെ
അടിസ്ഥാനത്തിലും തിരച്ചില്‍ നടത്താം. പ്രൊഫ. എം. ഗംഗാധരന്റെ ലേഖനങ്ങളുടെ
വിവരങ്ങളെല്ലാം ഒന്നിച്ചുകിട്ടണമെങ്കില്‍ ആ പേരുപയോഗിച്ച് തിരഞ്ഞാല്‍ മതി.
കണികാപരീക്ഷണത്തെപ്പറ്റിയുള്ള ലേഖനമെല്ലാം വേണമെങ്കില്‍ വിഷയത്തില്‍
അതുകൊടുത്ത് തിരയാം.
മൂന്നുപതിറ്റാണ്ടിനിടെ വന്ന
ഒ.എന്‍.വി.കവിതകളുടെയോ 'ആടുജീവിത'ത്തെപ്പറ്റി വന്ന നിരൂപണങ്ങളുടെയോ ഒക്കെ
പട്ടിക ഇങ്ങനെ തപ്പിയെടുക്കാം. മലയാളം കമ്പ്യൂട്ടിങ്ങിനെപ്പറ്റി വന്ന
ലേഖനങ്ങള്‍ സമാഹരിച്ച് ഒരു പുസ്തകമാക്കണമെന്നിരിക്കട്ടെ, അതിന്റെ പട്ടികയും
തയ്യാര്‍. നാട്ടുമ്പുറത്തെ ഒരു കലാസംഘടനയ്ക്ക് ഒരു നാടകം കളിക്കണമെങ്കില്‍
അതു തിരഞ്ഞെടുക്കാനും ഈ ഇന്‍ഡക്‌സ് ധാരാളം മതി. അലര്‍ജിമൂലം
ബുദ്ധിമുട്ടുന്ന ഒരാള്‍ക്ക് അതേപ്പറ്റി വന്ന ലേഖനം തപ്പിയെടുക്കാം.
അങ്ങനെയങ്ങനെ നിരവധിയാണ് ഇതിന്റെ ഉപയോഗസാധ്യത.
ഇത് ഓണ്‍ലൈനില്‍
ലഭ്യമാകുന്നതോടെ എഴുത്തുകാര്‍ക്കുതന്നെ അതു പരിശോധിച്ച്
വിട്ടുപോയിട്ടുള്ള സ്വന്തം രചനകളോ മറ്റുള്ളവരുടെ രചനകളോ
ഉള്‍പ്പെടുത്താന്‍ നിര്‍ദേശിക്കാനാകും. പൊതുജനങ്ങള്‍ക്കും ഇത്തരം
കൂട്ടിച്ചേര്‍ക്കല്‍ നിര്‍ദേശിക്കാം.
തിരുവനന്തപുരം പബ്‌ളിക്
ലൈബ്രറി തയ്യാറാക്കിയ 1904 മുതലുള്ള തിരുവിതാംകൂര്‍കൊച്ചി ഗസറ്റിന്റെ
ഡിജിറ്റല്‍ ആര്‍െക്കെവ്, പ്രാചീന ഗ്രന്ഥവരി, നിയമസഭാ ലൈബ്രറിയുടെ
ഡിജിെറ്റെസേഷന്‍, 2000 വരെയുള്ള ഗ്രന്ഥസൂചി തുടങ്ങിയവയ്ക്കു പിന്നാലെവരുന്ന
ഓണ്‍ലൈന്‍ കേരള ഇന്‍ഡക്‌സ് മലയാള വിവരവ്യവസ്ഥയുടെ വലിയ മുതല്‍ക്കൂട്ടാണ്.